ജന്മനാ രണ്ട് ഗർഭപാത്രമുള്ള യുവതിക്ക് ഒരേ സമയം രണ്ട് ഗർഭം. അമേരിക്കയിലെ അലബാമ സ്വദേശിനി കെൽസി ഹാച്ചറാണ് ഒരേ സമയം രണ്ട് ഗർഭം ധരിച്ചത്. വ്യത്യസ്ത ഗർഭാശയങ്ങളോട് കൂടിയ രണ്ട് ഗർഭപാത്രങ്ങൾ തനിക്കുണ്ടെന്ന കാര്യം കെൽസിക്ക് നേരത്തെ അറിവുള്ള കാര്യമാണ്. അപൂർവ്വങ്ങളിൽ അപൂർവമാണ് ഈ അവസ്ഥയെന്നാണ് ഡോക്ടർമാർ പറയുന്നത്. കെൽസിക്കും ഭർത്താവ് കാലബുവിനും മൂന്ന് കുട്ടികളാണുള്ളത്. ഓരോ ഗർഭകാലവും കെൽസിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു.
ആയിരം സ്ത്രീകളിൽ മൂന്ന് എന്ന നിലയിലാണ് ഇരട്ട ഗർഭപാത്രം കണ്ടുവരുന്നതെന്ന് മയോ ക്ലിനിക്കിലെ ഡോക്ടർ പറയുന്നു. പെൺഭ്രൂണം വളർച്ച പ്രാപിക്കുന്ന ഘട്ടത്തിൽ തന്നെ ഗർഭപാത്രം രണ്ട് ചെറിയ കുഴലുകളായി രൂപന്താരപ്പെടുന്നു. ഭ്രൂണം വളരുന്നതിന് അനുസരിച്ച് കുഴലുകൾ കൂടിച്ചേർന്ന് വളരുന്നു. ചില സാഹചര്യങ്ങളിൽ ഈ കുഴലുകൾ പൂർണമായും കൂടിച്ചേരാതെ വ്യത്യസ്ത അവയവങ്ങളായി വികാസം പ്രാപിക്കും. ഈ ഗർഭപാത്രങ്ങൾക്ക് യോനിയിലേക്ക് ഒരു ഗർഭായശയ മുഖമാകും ഉണ്ടാവുക.
ചിലപ്പോൾ രണ്ട് ഗർഭാശയങ്ങൾക്കും വ്യത്യസ്ത ഗർഭാശയമുഖങ്ങൾ കാണപ്പെടുന്നു. ഇരട്ട ഗർഭാശയമുള്ള സ്ത്രീകളിൽ പലപ്പോഴും ഗർഭകാലം വിജയകരമായി പൂർത്തിയാക്കുകയും പ്രസവം നടക്കുകയും ചെയ്യുന്നു. അപൂർവ സന്ദർഭങ്ങളിൽ ഗർഭം അലസുകയോ മാസം തികയാതെയുള്ള പ്രസവം നടക്കുകയോ ചെയ്യാറുണ്ട്.