ഇലക്ട്രിക് കാറിൽ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്സ്. ലൂസിഡ് കാർ ഉടമകൾക്ക് ഇനി ഈ സേവനം ആസ്വദിക്കാനാകും. ഇനി മുതൽ ഉടമകൾക്ക് സ്വന്തം കാറിൽ നിന്നും മറ്റൊരു ഇലക്ട്രിക് കാറിലേക്ക് ചാർജ് ചെയ്യാൻ സാധിക്കും. റേഞ്ച് എക്സേഞ്ച് എന്ന പേരിലാണ് പുതിയ ടെക്നോളജി അവതരിപ്പിച്ചിരിക്കുന്നത്.
വെഹിക്കിൾ ടു വെഹിക്കിൾ രീതിയിൽ 9.6kW നിരക്കിൽ മറ്റ് വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കും. മണിക്കൂറിൽ 60 കിലോമീറ്റർ ദൂരം വരെ ഓടാൻ വേണ്ട ചാർജ് ഈ രീതിയിൽ മറ്റു വാഹനങ്ങൾക്കും ലഭ്യമാകുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. ഇതിന് പ്രത്യേക അഡാപ്റ്റർ കേബിൾ മതിയാകും.
മറ്റ് വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയർ ഡ്രീം എഡിഷൻ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 665 കിലോമീറ്റർ വരെ ഓടുമെന്ന് കമ്പനി പറയുന്നു. ആഡംബര വൈദ്യുത കാറുകളിൽ മൈൽ/kWh അനുപാതം വളരെ മികച്ചതാണ്.