മലപ്പുറം: താനൂർ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവർ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. ടാങ്കർ ലോറിയുടെ ടയർ പൊട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു.
താനൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഗ്യാസുമായി പോയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ടാങ്കറിന് ചോർച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.