കല്ല്യാണി പ്രിയദർശൻ നായികയാവുന്ന ഫാമിലി എന്റർടെയ്നർ ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ ട്രെയിലർ റിലീസായി. ഫാത്തിമ എന്ന ഫുട്ബോൾ കമ്ന്റേറ്ററായിട്ടാണ് കല്ല്യാണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം ഭാഷക്ക് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രം ഈ മാസം 17-ന് പ്രദർശനത്തിനെത്തും. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സന്താന കൃഷ്ണൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹിഷാം അബ്ദുൾ വഹാബാണ്.