മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫീനിക്സ്. വീണ്ടും തിരക്കഥയുമായി മിഥുൻ മാനുവൽ എത്തുമ്പോൾ ആവേശം ഇരട്ടിയാണ്. അഞ്ചാം പാതിര, സുരേഷ് ഗോപി നായകനായെത്തിയ ഗരുഡൻ എന്ന ചിത്രങ്ങൾക്ക് ശേഷമാണ് വീണ്ടും പുത്തൻ തിരക്കഥയുമായി മിഥുൻ മാനുവല്‍ തോമസ് എത്തുന്നത്. ഈ ചിത്രങ്ങളുടെ തിരക്കഥ വലിയ ചര്‍ച്ചയായി മാറിയതോടെയാണ് പ്രേക്ഷകർ ത്രില്ലിലായത്.
ചിത്രം നാളെ തീയ്യറ്ററുകളിലെത്തും. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയൊരു വീട്ടിൽ താമസിക്കാനെത്തുന്ന കുടുംബത്തിന് ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ അനുഭവപ്പെടുന്നതാണ് ഇപ്പോൾ പുറത്തുവിട്ട പ്രമോ വീഡിയോയിലൂടെ ദൃശ്യമാകുന്നത്.
വിഷ്ണു ഭരതനാണ് കഥയും സംവിധാനവും. ഫ്രണ്ട് റോ പ്രെഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം നവംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. മിഥുൻ മാനുവൽ തിരക്കഥ രചിക്കുന്ന ആദ്യ ഹൊറർ ത്രില്ലർ എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മുഖ്യ ഘടകവും.















