ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾ വിരാട് കോഹ്ലിയെ മാതൃകയാക്കണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. 50 ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ ശാരീരികക്ഷമത ആവശ്യമാണ്. അതിന് ഫിറ്റ്‌നസ് മികച്ച രീതിയിൽ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് പ്രചോദനമായി കണ്ട് ഏകദിന മത്സരങ്ങളെ നേരിടണമെന്നാണ് ജോസ് ബട്ലറോടും സംഘത്തിനോടും മുൻ ഇംഗ്ലണ്ട് നായകൻ പറഞ്ഞത്. ടെസ്റ്റിൽ സമ്മർദ്ദങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ടീം കളിക്കുന്നതെന്നും എന്നാൽ ഏകദിനത്തിലെ സ്ഥിതി അതല്ലെന്നും വോൺ പറയുന്നു. അതിനാൽ കോഹ്ലിയുടെ ഫിറ്റ്‌നസ് പിന്തുടരാനാണ് മുൻ താരം പറഞ്ഞത്.
എകദിനമത്സരങ്ങളിൽ ഒരു കായിക താരം എപ്പോഴും ഫിറ്റായിരിക്കണം സിംഗുളുകളും ഡബിളും എടുക്കാനും ഔട്ട് ഫീൾഡിൽ ബൗണ്ടറികൾ തടയാനും നല്ല കായികക്ഷമത വേണം.നിങ്ങൾ കോഹ്‌ലിയെ നോക്കൂ.. അയാൾ നാലു മണിക്കൂറോളം ഫീൾഡിൽ ചെലവഴിച്ച ശേഷം ചേസിംഗിൽ 3-4 മണിക്കൂർ ബാറ്റ് ചെയ്യുന്നു. അതാണ് ഫിറ്റ്നസ്. ടെലിഗ്രാമിൽ എഴുതിയ കോളത്തിൽ അദ്ദേഹം പറഞ്ഞു.
2023 ലെ ലോകകപ്പിൽ മുൻ ചാമ്പ്യന്മാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒമ്പത് കളികളിൽ നിന്ന് മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഇംഗ്ലണ്ട് യോഗ്യത നേടിയത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏഴാം സ്ഥാനത്തായിരുന്നു ബട്ട്‌ലറും സംഘവും.