പാലക്കാട്: കാടാങ്കോട് വയോധിക മരിച്ചത് മകന്റെ അടിയേറ്റതിനെ തുടർന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ മകൻ അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്ക് മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു. പിതാവ് അപ്പുണ്ണിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോലീസ് വ്യക്തമാക്കി. അപ്പുണ്ണിയുടെ ഭാര്യ യശോദയാണ് മകന്റെ മർദ്ദനത്തെ തുടർന്ന് മരിച്ചത്.
അവശനിലയിലായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് അമ്മയ്ക്ക് മർദ്ദനമേറ്റത്. ഹൃദ്രോഗിയായ അപ്പുണ്ണി ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. രാവിലെ ഭാര്യയും ബന്ധുവും ചേർന്ന് വിളിച്ചിട്ടും ഇദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഉടൻ തന്നെ സമീപവാസികളെ വിവരം അറിയിച്ചു.
ഇതിനിടെ ലഹരിക്ക് അടിമയായ മകൻ അനൂപ് വീട്ടിലെത്തുകയും മരിച്ചു കിടക്കുന്ന അച്ഛനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച അമ്മയെയും ബന്ധുവിനെയും ഓടിച്ചിട്ട് മർദ്ദിച്ചു. കുഴഞ്ഞ് വീണ യശോദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിന്നാലെ അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
അമ്മയെ മർദ്ദിച്ചുവെന്ന് അനൂപ് മൊഴി നൽകിയിട്ടുണ്ട്. യശോദയുടെ ശരീരമാകെ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.