വയനാട്: ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് രാത്രി എയ്ഡ് പോസ്റ്റ് അടച്ചിടും. വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റ് രാത്രിയിൽ അടച്ചിടാൻ തീരുമാനമായി. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് അടിച്ചിടുന്നത്.
ബത്തേരിയിൽ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. വയനാട് ചപ്പാരം കോളനിയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാല് തോക്കുകൾ പോലീസ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നവംബർ ഏഴിന് രാത്രി 10.45 ഓടെയായിരുന്നു വയനാട് ബത്തേരിയിൽ കമ്യൂണിസ്റ്റ് ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തിരച്ചിലിനിടെ കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പോലീസ് വെടിവയുതിർക്കുകയായിരുന്നു. ഏകദേശം അര മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. സംഭവത്തിൽ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.