തമിഴ് ആരാധകർക്ക് പുറമെ മലയാളികൾക്കും സുപരിചിതനാണ് സാന്റി എന്ന സാന്റി മാസ്റ്റർ. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ആരാധകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം കൊറിയോഗ്രാഫറായിരുന്നു. പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്‌ക്കും ചുവടുവെച്ചു. പ്രതിനായക വേഷത്തിലായിരുന്നു സാന്റി ലിയോ എന്ന ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വീണ്ടും വിസ്മയിക്കുന്ന ഒരു കഥാപാത്രമായി എത്തുകയാണ് സാന്റി മാസ്റ്റർ.
എന്നാൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ പുതിയ ചിത്രത്തിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകൻ ശൂന്യയുടെ ഏറ്റവും പുതിയ ചിത്രമായ റോസിയിലൂടെയാണ് സാന്റിയുടെ കന്നട അരങ്ങേറ്റം. യോഗേഷ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ സാന്റിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തുവന്നു.
Couldn’t be more happy to present the First Look of #RosyTheMovie🔥@iamSandy_Off brother, super happy to see you in this new trajectory as an actor! My lovely wishes to you, the entire cast and crew of #RosyTheMovie 🤗❤️❤️ pic.twitter.com/T6P3ujrGjY
— Lokesh Kanagaraj (@Dir_Lokesh) November 16, 2023
ആണ്ഡാൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സാന്റി അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിൽ തന്നെയാണ് അദ്ദേഹം എത്തുന്നത്. ഒറ്റ നോട്ടത്തിൽ ആളെ മനസിലാക്കാനാകാത്ത തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. താരത്തിന്റെ പുതിയ കഥാപാത്രത്തിന് നിരവധിപ്പേർ ഇതിനോടകം ആശംസകളുമായി എത്തിയിരിക്കുകയാണ്. സംവിധായകരായ ലോകേഷ് കനകരാജ്, പാ രഞ്ജിത്ത് അടക്കമുള്ള സംവിധായകർ സാന്റിക്ക് ആശംസകൾ നേർന്ന് പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.















