രജനികാന്ത് ചിത്രം ജയിലറിലെ നടൻ മോഹൻലാലിന്റെ മാത്യു എന്ന വേഷം ആർക്കും അങ്ങനെ മറക്കാനാകില്ല. ഇപ്പോഴിതാ ജയിലറിന് ശേഷം തമിഴിൽ വീണ്ടും തിളങ്ങാൻ ഒരുങ്ങുകയാണ് നടൻ മോഹൻലാൽ. ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന് എസ്.കെ 23 എന്നാണ് താത്കാലികമായി നൽകുന്ന പേര്.
ആക്ഷൻ എന്റർടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിൽ മൃണാൾ താക്കൂർ ആണ് നായിക. സിനിമയിൽ ബോളിവുഡ് താരം വിദ്യുത് ജംവാളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബില്ല 2, തുപ്പാക്കി, അൻജാൻ എന്നീ തമിഴ് ചിത്രങ്ങളിൽ വിദ്യുത് തിളങ്ങിയിട്ടുണ്ട്. ശിവകാർത്തികയന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് മുരുകദോസിന്റെ സിനിമ ഒരുങ്ങുന്നത്.
മുരുകദോസിന്റെ 49-ാം പിറന്നാൾ ദിനത്തിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. മൂന്നുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.