ന്യൂഡൽഹി: ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിന് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തിൽ ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. 140 കോടി ഭാരതീയർ ടീമിനായി ആർപ്പുവിളിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫൈനൽ മത്സരം നേരിട്ട് കാണാൻ മൊട്ടേര സ്റ്റേഡിയത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും മത്സരം കാണാൻ അഹമ്മദാബാദിൽ എത്തും. ക്രിക്കറ്റ് ഇതിഹാസങ്ങൾ ബോളിവുഡ് താരങ്ങൾ തുടങ്ങിയവരും സ്റ്റേഡിയത്തിൽ എത്തും.
വിപുലമായ പരിപാടികളാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്. വ്യേമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം മത്സരത്തിന് പത്ത് മിനിറ്റ് മുൻപ് ആകാശത്ത് വിസ്മയം തീർക്കും. പ്രമുഖ സംഗീതസംവിധായകൻ പ്രീതത്തിന്റെ സംഗീത പരിപാടിയും 500-ലധികം നർത്തകർ ചേർന്ന് അവതരിപ്പിക്കുന്ന നൃത്ത വിരുന്നും ഉണ്ടാകും.