തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ചിയാൻ വിക്രം നായകനാകുന്ന ചിത്രം ആരംഭിച്ചത് ഏഴ് വർഷം മുൻപാണ്. എന്നാൽ ഇടയ്‌ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്‌ഡേഷനുകളും ഉണ്ടായിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ പുതിയ അപ്‌ഡേഷനുകൾ പുറത്തു വന്നത്. ചിത്രം നവംബർ 24 ന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു സംവിധായകൻ തന്നെ അറിയിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
റിലീസിന് നാല് ദിവസം മുൻപാണ് ഇത്തരത്തിലൊരു വാർത്ത. ചിത്രം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് എന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടത്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും അണിയറ പ്രവർത്തകർ ആരും തന്നെ പ്രമോഷൻ പരിപാടികൾ ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഗൗതം മേനോൻ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ യൂട്യൂബ് ചാനലിൽ ദിവ്യദർശനിക്ക് ഒരു അഭിമുഖം നൽകിയതാണ് ചിത്രത്തിനായി ആകെ നടത്തിയ പ്രമോഷൻ.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് ചില തമിഴ് മാദ്ധ്യമങ്ങൾ പറയുന്നത്. എന്നാൽ ഈ ആഴ്ച തന്നെ ചിത്രത്തിന്റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് മറ്റൊരു വിവരം. ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവ നച്ചത്തിരം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇത് വിജയിച്ചാൽ ചിത്രം റിലീസാകും എന്നാണ് വിവരം.















