തൃശൂർ: തിരുവില്വാമലയിലെ പുനർജനി നൂഴാനെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ നിന്നും നാമജപ ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും വില്വാമലയിലെ ഗുഹാമുഖത്തെത്തി. പ്രത്യേക പൂജകൾക്ക് ശേഷമാണ് പുനർജനി നൂഴലിന് തുടക്കമായത്. പൂജകൾ പൂർത്തിയാക്കിയ ശേഷം ഒരു നെല്ലിക്ക ഗുഹയിലേക്കിടും. ഗുഹയുടെ അങ്ങേ കവാടത്തിലൂടെ നെല്ലിക്ക പുറത്തെത്തുന്നതോടെ പുനർജനി നൂഴൽ ചടങ്ങിന് തുടക്കമാകുന്നു.
വളരെ ദുഷ്‌കരവും ഇടുങ്ങിയതുമായ ഗുഹാവഴിയിലൂടെ ഇരുന്നും, നിരങ്ങിയും മലർന്ന് കിടന്നും, കമഴ്ന്ന് കിടന്നും നീങ്ങി വേണം ഗുഹയിലൂടെ പുറത്തെത്താൻ. പുനർജനി നൂഴൽ കാണുന്നതിനും ആയിരക്കണക്കിന് ഭക്തരാണ് മലയിലെത്തിയത്. ക്ഷേത്രത്തിൽ പഞ്ചവാദ്യത്തോട് കൂടിയുള്ള ശീവേലിയും വൈകിട്ട് തായമ്പകയും അരങ്ങേറി. രാത്രി ഏറെ വൈകിയാണ് പുനർജനി നൂഴൽ പൂർത്തിയായത്.
ഗുരുവായൂർ ഏകാദശി നാളിൽ വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി ദിനത്തിൽ നടക്കുന്ന പുനർജനി നൂഴൽ ചടങ്ങ് പ്രധാന ചടങ്ങുകളിലൊന്നാണ്. പുലർച്ചെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ ഗുഹാമുഖത്തെത്തും. തുടർന്ന് പൂജകൾ നിർവഹിച്ച ശേഷമാണ് ഗുഹനൂഴൽ നടക്കുന്നത്.
ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്ക് മാറിയാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ശ്രീ പരശുരാമൻ 21-വട്ടം നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തിനേടാനാകാത്തതിനാൽ ദേവഗുരു ബൃഹസ്മതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവിനാൽ പണി കഴിപ്പിച്ചതാണ് പുനർജമി ഗുഹ എന്നതാണ് ഐതിഹ്യം.
പ്രേതാത്മാക്കൾ ഓരോ തവണ ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നശിക്കുന്നുവെന്നാണ് വിശ്വാസം.ഇത്തരത്തിൽ നിരന്തരം നൂഴലിലൂടെ ജന്മജന്മാർജിത പാപമൊടുക്കി മുക്തി നേടാനാകുമെന്നാണ് കരുതപ്പെടുന്നത്. മറ്റ് ദിവസങ്ങളിൽ ഗുഹ നൂഴുന്നത് പ്രേതാത്മക്കളാണെന്ന വിശ്വാസമാണ് ഗുരുവായൂർ ഏകാദശി ദിനത്തിൽ മാത്രം ഭക്തജനങ്ങൾ നാമജപത്തോടെ ഗുഹ നൂഴുന്നതിന്റെ കാരണം.















