നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം അതിന്റെ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. ഭൂമിയ്‌ക്ക് ചുറ്റുമുള്ള ലോ എർത്ത് ഓർബിറ്റിൽ കഴിഞ്ഞ 25 വർഷത്തോളമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പ്രവർത്തിച്ചു വരികയാണ്. 15 വർഷത്തോളമായിരുന്നു ഇതിന്റെ ദൗത്യ കാലവധി ആദ്യ ഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് വീണ്ടും കാലാവധി നീട്ടുകയായിരുന്നു.
ഇപ്പോഴിതാ ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ നിന്നും മാറ്റി ഭൂമിയിലേക്ക് ഇടിച്ചിറക്കി തകർക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 2030 വരെയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന കാലാവധി. ഈ കാലയളവ് വരെയും കനേഡിയൻ സ്‌പേസ് ഏജൻസിയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും ബഹിരാകാശ നിലയത്തിന്റെ ദൗത്യങ്ങളിൽ പങ്കാളികളാകും. എന്നാൽ റഷ്യ 2028-വരെ മാത്രമെ സഹകരിക്കുവെന്ന് നേരത്തെ അറിയിച്ചിരുന്നു.
109 മീറ്റർ വീതിയിൽ തയാറാക്കിയിരിക്കുന്ന ബഹിരാകാശ നിലയം ഏറെ വലുതായതിനാൽ തിരിച്ചിറക്കുന്നതിനിടെ പൂർണമായും അഗ്നിക്കിരയാകാൻ സാധ്യതയില്ല. ഇതിനാൽ തന്നെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കിയേക്കാം. ഇതിനാൽ തന്നെ ബഹിരാകാശ പേടകം ഉപയോഗിച്ച് നിലയത്തെ ഭ്രമണപഥത്തിൽ നിന്നും മാറ്റുകയും ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിൽ തിരിച്ചിറക്കുകയും ചെയ്യും. ഇതിന് വേണ്ടി 100 കോടി ഡോളർ ചിലവഴിക്കാനാണ് നാസ പദ്ധതിയിടുന്നത്.
ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് യുഎസ് ഡി ഓർബിറ്റ് വെഹിക്കിൾ സജ്ജമാക്കുന്നതിനുള്ള ആശയങ്ങളും നാസ ക്ഷണിച്ചിരുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയം തിരികെ എത്തുന്നതോടെ പുതിയത് വിക്ഷേപിക്കുന്നതിനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കും. വിദേശ രാജ്യങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും പങ്കാളിത്തം ഇതിലുണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.















