ജയ്പൂർ: രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിൽ. 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ്. 51,756 പോളിംഗ് ബൂത്തുകളിലായി അഞ്ചര കോടിയോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 183 വനിതകളുൾപ്പെടെ 1875 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. ആകെയുള്ള 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിൽ കോൺഗ്രസ് മത്സരിക്കുന്നു. ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്ദളിനാണ്. ബിജെപി 200 സീറ്റിലും ജനവിധി തേടുന്നു. നിലവിലെ എംഎൽഎയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ഗുർമീത് സിംഗ് കൂനറിന്റെ നിര്യാണത്തെ തുടർന്ന് ശ്രീഗംഗാനഗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.
കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ മികച്ച ഭൂരിപക്ഷം കാഴ്ചവെച്ച് ഭരണം തിരികെ പിടിക്കാമെന്ന് പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാന സർക്കാരിന്റെ ഭരണവിരുദ്ധ നയങ്ങളും, പ്രീണന രാഷ്‌ട്രീയവും, അഴിമതികളും വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ക്ഷേമപദ്ധതികളെ മുൻനിർത്തിയായിരുന്നു കോൺഗ്രസിന്റെ പ്രചരണങ്ങൾ. ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച ഏഴ് ഗാരന്റികളും മുൻനിർത്തിയാണ് വിധിക്കായി കാത്തിരിക്കുന്നത്.
കോൺഗ്രസിനെയും ബിജെപിയെയും കൂടാതെ ബിഎസ്പി 185 സീറ്റിൽ മത്സരിക്കുന്നു. എഎപി -86, രാഷ്‌ട്രീയ ലോക്താന്ത്രിക് പാർട്ടി-78, ഭാരതീയ ട്രൈബൽ പാർട്ടി-17, സിപിഎം-17 എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ. ഇവരെക്കൂടാതെ 734 സ്വതന്ത്രരും ജനവിധി തേടുന്നു. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.















