പാലക്കാട്: മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയിൽ നിന്നും മോഷണം പോയ ജെസിബി കമ്പം തേനിയിൽ നിന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്ന കാറും മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് മോഷണം പോയ ജെസിബി വ്യാഴാഴ്ച്ച പുലർച്ചെ വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജെസിബി കണ്ടെത്തിയത്. തെങ്കര സ്വദേശി അബുവിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് മോഷണം പോയത്.
വിളക്കുറിശ്ശിയിൽ ജെസിബി ഓപ്പറേറ്റർമാർ താമസിക്കുന്ന സ്ഥലത്തിന്റെ സമീപത്തായിരുന്നു ജെസിബി രാത്രി നിർത്തിയിട്ടിരുന്നത്. എന്നാൽ രാവിലെ ആയപ്പോൾ ജെസിബി സ്ഥലത്തില്ല. ഉടൻ തന്നെ പോലീസിൽ പരാതിയും നൽകി. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് ജെസിബി വാളയാർ ടോൾ കടക്കുന്ന ദൃശ്യം ലഭിച്ചത്. ഇതോടെ വാഹനം തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് വ്യക്തമാകുകയായിരുന്നു.