മലയാളികളുടെ ഇഷ്ട ഗായികമാരാണ് സഹോദരികളായ അമൃത സുരേഷും, അഭിരാമി സുരേഷും. താരങ്ങൾ പങ്കുവയ്‌ക്കുന്ന വീഡിയോകൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പാട്ടുകൾ പാടുന്നതിനുപുറമെ അഭിരാമി പാചക ലോകത്തേക്കും കടന്നു വന്നത് ഇതിനോടകം തന്നെ വൈറലായിരുന്നു. പാചകം ഏറ്റെടുത്ത അഭിരാമിക്ക് പച്ചമാങ്ങാ രസം എട്ടിന്റെ പണിയാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്.
പച്ചമാങ്ങാ രസം ഉണ്ടാക്കുന്നതിന്റെ പാചക വീഡിയോ ചിത്രീകരണത്തിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്കേറ്റ വാർത്തകളാണ് പുറത്തു വരുന്നത്. മിക്‌സി പൊട്ടിത്തെറിച്ചതോടെ അതിലുണ്ടായിരുന്ന ബ്ലേഡ് കയ്യിൽ തട്ടി താരത്തിന്റെ വലത് കൈയ്യിലെ അഞ്ച് വിരലുകളും മുറിയുകയായിരുന്നു. ഇക്കാര്യം അഭിരാമി തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.
ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതിനായി ഒരു പാചക വീഡിയോ ചിത്രീകരിക്കുകയായിരുന്നു താരം. വേവിച്ച പച്ചമാങ്ങ മിക്‌സിയിലിട്ട് അരക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിക്‌സി പൊട്ടിത്തെറിച്ചത്. കുറച്ച് സമയത്തേക്ക് എന്താണ് ഉണ്ടായതെന്ന് മനസിലായില്ല. തലക്കറങ്ങുന്നത് പോലെയും ഛർദ്ദിക്കാൻ വരുന്നതു പോലെയും തോന്നി. വിരലുകളെല്ലാം മരവിച്ചിരുന്നെന്നും അഭിരാമി പറഞ്ഞു. താൻ കുക്കിംഗ് ഇന്നോ ഇന്നലെയോ ചെയ്യാൻ തുടങ്ങിയതല്ലെന്നും എന്നാൽ ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വിശ്രമത്തിന് ശേഷം താൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും അഭിരാമി അറിയിച്ചു.















