ആംസ്റ്റർഡാം : മതേതര നിയമങ്ങളേക്കാൾ ഖുറാനെ വിലമതിക്കുന്ന മുസ്ലീങ്ങൾ രാജ്യം വിടണമെന്ന് നെതർലൻഡ്സിലെ ഫ്രീഡം പാർട്ടി (പിവിവി) നേതാവ് ഗീർട്ട് വൈൽഡേഴ്സ് . രാജ്യത്തെ നിയമത്തേക്കാൾ പ്രധാനം ഖുറാൻ ആണെന്ന് കരുതുന്ന മുസ്ലീങ്ങൾ ഉടൻ രാജ്യം വിട്ടു പോകുന്നത് തന്നെയാണ് നല്ലതെന്നാണ് നെതർലൻഡ്സിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള ഗീർട്ട് വൈൽഡേഴ്സ് പറയുന്നത്.
“നമ്മുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന മൂല്യങ്ങളെയും ബഹുമാനിക്കാത്ത, നമ്മുടെ മതേതര നിയമങ്ങളേക്കാൾ പ്രധാനമായി ഖുറാനിന്റെ നിയമങ്ങളെ കാണുന്ന നെതർലൻഡിലെ എല്ലാ മുസ്ലീങ്ങൾക്കും ഒരു സന്ദേശമുണ്ട്,അതിൽ ധാരാളം പേർ ഉണ്ട്. പ്രൊഫസർ കൂമ്പൻസിന്റെ ഗവേഷണം കാണിക്കുന്നത് 7 ലക്ഷമാണ് ഇത്തരക്കാർ എന്നാണ്. അവർക്കുള്ള എന്റെ സന്ദേശം ഇതാണ്: പുറത്തുകടക്കുക! ഒരു ഇസ്ലാമിക രാജ്യത്തേക്ക് പോകുക. അപ്പോൾ നിങ്ങൾക്ക് ഇസ്ലാമിക നിയമങ്ങൾ ആസ്വദിക്കാം. അത് അവരുടെ നിയമങ്ങളാണ്, പക്ഷേ നമ്മുടേതല്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാല തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടി, ഡച്ച് പാർലമെന്റിൽ ഭരണത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.