ന്യൂഡൽഹി: വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ പേരിൽ ഭർത്താവിന്റെ ചെവി കടിച്ച് മുറിച്ച് ഭാര്യ. ഡൽഹിയിലെ സുൽത്താൻപുരിയിലാണ് സംഭവം. ഭാര്യയുടെ ആക്രമണത്തെ തുടർന്ന് 45-കാരനായ ഭർത്താവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ദമ്പതികൾ തമ്മിൽ നിരന്തരം വഴക്ക് നടന്നിരുന്നതായി സമീപവാസികൾ പറഞ്ഞു. താമസിക്കുന്ന വീട് വിൽക്കണമെന്നും വിറ്റ തുകയുടെ ഒരു ഭാഗം തനിക്ക് തരണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ഇത് ഭർത്താവ് നിരസിച്ചതോടെ പ്രകോപിതയായ ഭാര്യ 45-കാരന്റെ ചെവി കടിച്ചു മുറിക്കുകയായിരുന്നു. മകനാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കുട്ടികളെയും കൂട്ടി ഭർത്താവിൽ നിന്നും മാറി താമസിക്കാനായിരുന്നു യുവതി പദ്ധതിയിട്ടിരുന്നത്. 45-കാരന്റെ പരാതിയെ തുടർന്ന് പോലീസ് യുവതിക്കെതിരെ കേസെടുത്തതായി അറിയിച്ചു.