തൃശൂർ: കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത് ഹൈക്കോടതി. കൗണ്ടിംഗിൽ അപാകതയുള്ളതായി ചൂണ്ടിക്കാണിച്ച് കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താനും കോടതി ഉത്തരവിട്ടു.
ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളേജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്‌ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ആരോപിച്ചിരുന്നു. റീകൗണ്ടിംഗിനിടെ രണ്ടുതവണ കറന്റ് പോയെന്നും ഈ സമയത്തു ക്രമക്കേടു നടന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോൾ അസാധുവായി തള്ളിപ്പോയ വോട്ടുകൾ റീ കൗണ്ടിംഗ് നടന്നപ്പോൾ എണ്ണാനായി പരിഗണിച്ചെന്നും ശ്രീക്കുട്ടൻ ആരോപിച്ചിരുന്നു.
അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുന്ന വേളയിൽ കോളേജ് അധികൃതരോട് ചോദിച്ചു. റീകൗണ്ടിംഗ് റിട്ടേണിംഗ് ഓഫീസർക്ക് തീരുമാനിക്കാമെന്നിരിക്കെ കോർ കമ്മിറ്റിയുണ്ടാക്കി നടപടിയേയും കോടതി ചോദ്യം ചെയ്തിരുന്നു.