അമേരിക്കയുടെ ഭാവി പങ്കാളിയാണ് ഭാരതമെന്ന് നാസ മേധാവി ബിൽ നെൽസൺ. ബഹിരാകാശ മേഖലയിലുള്ള ബന്ധം മഹത്തരമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചരികളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ മേഖലയിലെ മികച്ച പങ്കാളിയാണ ഇസ്രോയെന്നും വരുന്ന വർഷത്തിൽ ഇരു രാജ്യങ്ങളും സംയുക്തമായി ലോ എർത്ത് ഓർബിറ്റ് ഒബസർവേറ്ററി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെൽസൺ ഇക്കാര്യം വ്യക്തമാക്കിയത്.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ബൃഹത്തായ സംഭാവന നൽകാൻ കഴിയുംവിധത്തിലുള്ള തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ കൈക്കൊണ്ടു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രത്യേകതരത്തിലുള്ള ഗവേഷണം നടത്താൻ താത്പര്യമുണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാകുമെന്നും കൂടിക്കാഴ്ചയിൽ പറഞ്ഞു. അത്തരം പ്രവൃത്തികൾക്ക് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം അവസാനത്തോടെയാകും അമേരിക്ക ഐഎസ്എസിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ എത്തിക്കുക. ഇതിന്റെ പദ്ധതികൾ അണിയറയിൽ പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.