മറ്റു ജോലികൾക്ക് പോകാതെ വീട്ടുജോലികൾ കൃത്യമായി ചെയ്യുന്ന നമ്മുടെ സമൂഹത്തിലെ എല്ലാ വീട്ടമ്മമാർക്കും നിരവധി ആഗ്രഹങ്ങൾ ഉണ്ടാകും. പലപ്പോഴും അമ്മമാരുടെ ആഗ്രഹങ്ങളൊന്നും പലരും അറിയാൻ ശ്രമിക്കാറുകൂടിയില്ല. അത്തരത്തിൽ ഒരു വീട്ടമ്മ സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സാവിത്രി അമ്പി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയായ വീട്ടമ്മയാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ആരുംതന്നെ ആശംസകൾ അറിയിക്കാതെ വന്നതോടെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവക്കുകയായിരുന്നു. വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെ…
View this post on Instagram
ഞാൻ ആദ്യം എന്നെതന്നെ ഒന്ന് വിഷ് ചെയ്യുകയാണ്, പിറന്നാൾ ആശംസകൾ അംബിക്കുട്ടി… ഗോഡ് ബ്ലസ് യു.. നിങ്ങൾക്ക് അറിയാമോ ഇന്നെന്റെ ബെർത്ത്‌ഡേ ആണെന്ന്… നിങ്ങൾക്ക് എങ്ങനെ അറിയാനാ അല്ലേ.. എന്റെ വീട്ടിലുള്ളവർ പോലും ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. സമയം അഞ്ച് മണി കഴിഞ്ഞു. ഈ സമയം വരെയും ഒരാളും എനിക്കൊരു ആശംസ അറിയിച്ചിട്ടില്ല… അപ്പോൾ നിങ്ങൾ ഓർക്കും ഈ വയസുകാലത്താണോ പിറന്നാൾ എന്ന്… ഇപ്പോൾ എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം ബർത്ത്‌ഡേ ആഘോഷിക്കുന്നുണ്ട്. ഈ വീഡിയോ കാണുന്ന നിങ്ങളെങ്കിലും എനിക്ക് ഒരു ആശംസ അറിയിക്കണം എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസമായിരുന്നു വീട്ടമ്മ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് വീട്ടമ്മയ്‌ക്ക് ആശംസകളുമായി എത്തിയത്. ഒപ്പം മലയാള സിനിമയിലെ താരങ്ങളുമുണ്ട്. നടിമാരായ ഐശ്വര്യ ലക്ഷ്മി, ശിൽപ ബാല, ദിവ്യ ഉണ്ണി, നിരഞ്ജന അനൂപ്, നിഖില വിമൽ, അശ്വതി ശ്രീകാന്ത്, ശ്രീവിദ്യ മുല്ലച്ചേരി, തുടങ്ങി മറ്റ് നിരവധി നായികമാർ ആശംസകളുമായി എത്തി. ഗായികമാരായ സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ് തുടങ്ങിയവരും ആശംസകൾ അറിയിച്ചു.















