സംവിധാനം കൊണ്ടും പ്രമേയം കൊണ്ടും രാജ്യമൊട്ടാകെ ശ്രദ്ധ കേന്ദ്രീകരിച്ച് ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയുടെ അസാമാന്യ പ്രകടനവും ആ അലർച്ചയും ആയിരുന്നു കാന്താരയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ ചിത്രത്തിന്റെ പ്രീക്വൽ അണിയറയിൽ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാന്താര.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരിക്കുകയാണ് കാന്താരയ്ക്ക്.രജത മയൂര മെഡലും , പതിനഞ്ചു ലക്ഷം രൂപയും സർട്ടിഫിക്കേറ്റുമാണ് അവാർഡ്. കന്നഡ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു അവാർഡ് ലഭിക്കുന്നത്. പുരസ്കാര സന്തോഷം നിർമാതാക്കളായ ഹോബാലെ ഫിലിംസ് പങ്കുവച്ചിട്ടുണ്ട്. നടനും ചിത്രത്തിന്റെ സംവിധായകനും കൂടിയായ ഋഷഭ് ഷെട്ടിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
അബ്ബാസ് അമിനി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം എൻഡ്ലെസ്സ് ബോർഡഴ്സിനാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം ലഭിച്ചത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം മേളയിൽ മൈക്കിൾ ഡഗ്ലസിനും സമ്മാനിച്ചു. എൻഡ്ലെസ്സ് ബോർഡഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പൗറിയ രഹിമി സാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ഓഫ് ഫൂൾസിലെ പ്രകടനത്തിന് മേലാനി തിയറി മികച്ച നടിയായി.
ബ്ലാഗാസ് ലെസ്സൺസിലൂടെ സ്റ്റീഫൻ കോമാൻഡെറവ് മികച്ച സംവിധായകന് അർഹനായി. റെഗർ ആസാദ് കായ ആണ് മികച്ച നവാഗത സംവിധായകൻ . ചിത്രം വെൻ ദി സീഡ്ലിങ്ങ്സ് ഗ്രോ. മികച്ച വെബ് സീരീസായി പഞ്ചായത്ത് സീസൺ 2 തിരഞ്ഞെടുത്തു.