കണ്ണൂർ: പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു. മയക്കുവെടിവച്ച് പിടികൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിലാക്കി അൽപസമയത്തിനകമാണ് പുലി ചത്തത്. പോസ്റ്റുമോർട്ടം നാളെ വയനാട്ടിൽ നടത്തും. കിണറ്റിൽ വീണ പുലിയെ മയക്കു വെടിവച്ചതിന് ശേഷമാണ് പുറത്തെത്തിച്ചത്.
ഇന്ന് രാവിലെയാണ് പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണത്. പെരിങ്ങത്തൂർ സ്വദേശി സുനീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയൽവാസികൾ കിണറിൽ നോക്കിയപ്പോഴാണ് പുലി വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സമീപ പ്രദേശത്തൊന്നും വനമില്ലെന്നും കുറച്ചകലെയുള്ള കനകമലയിൽ നിന്നും പുലി ഇറങ്ങി വന്നതാകാനാണ് സാധ്യതയെന്നുമാണ് വനംവകുപ്പ് പറയുന്നത്.