മനുഷ്യന്റെ കാഴ്ചകൾക്കും ചിന്തകൾക്കും അപ്പുറമാണ് പ്രകൃതിയിലെ ജീവജാലങ്ങളുടെ ലോകം. ശാസ്ത്രലോകത്തിന് കണ്ടെത്താൻ സാധിക്കാത്ത പല കാര്യങ്ങളും നിഗൂഡതകളോടെ ഇപ്പോഴും മറഞ്ഞിരിക്കുന്നു. ഇതുപോല വംശനാശം സംഭവിച്ചെന്ന് കരുതുന്ന പല ജീവികളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന കാര്യമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും വരുന്നത്.
വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന ഡേ വിന്റൺസ് ഗോൾഡൻ മോളിനെയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു കടൽ തീരത്തിൽ നിന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയ്‌ക്ക് കുഞ്ഞന്മാരായ ഇവയ്‌ക്ക് വെറും 20 ഗ്രാം ഭാരം മാത്രമേയുളൂ. 1936 കാലഘട്ടങ്ങളിലാണ് ഇവയെ ശാസ്ത്രജ്ഞർ അവസാനമായി കാണുന്നത്. ഏകദേശം 87 വർഷങ്ങൾക്ക് ശേഷം ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നത്.
2021-ൽ വംശനാശം സംഭവിച്ച ജീവികളെ കുറിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് റീവൈൽഡ് എന്ന സംഘടനയുടെ മോസ്റ്റ് വാണ്ടഡ് ലോസ്റ്റ് സ്പീഷിസ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന ഗോൾഡൻ മോളിനെ ഒരു കൂട്ടം ശാസ്ത്രജ്ഞർ കാണുന്നത്. ഇതോടെ ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്താൻ കഴിമോ എന്ന് അന്വേഷിച്ചിറങ്ങിയ ഗവേഷകർ 2 വർഷങ്ങൾ പിന്നിടുമ്പോൾ ഈ ജീവിയെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ്. ജെസി എന്ന നായകുട്ടിയും ഇവർക്കൊപ്പം ദൗത്യത്തിൽ പങ്കാളിയായിരുന്നു. ജെസിക്ക് പ്രത്യേക പരിശീലനം നൽകിയാണ് ഇതിനായി ശാസ്ത്രജ്ഞർ കൂടെ കൂട്ടിയത്.

ആഫ്രിക്കയിലെ മണലിനടയിൽ ജീവിക്കുന്ന ചെറു സസ്തിനിയാണ് ഗോൾഡൻ മോളുകൾ. ഇവയ്‌ക്ക് കണ്ണ് കാണില്ലെങ്കിലും ചെറിയ പ്രകമ്പനങ്ങൾ പോലും നിസാരമായി തിരിച്ചറിയാൻ സാധിക്കും. ഏകദേശം 8 സെന്റിമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെയാണ് ഇവയുടെ നീളം.















