ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിയും വേർ പിരിഞ്ഞു. 29 കാരിയായ ബ്രൂണ തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തികച്ചും സ്വകാര്യമായ ഒരു കാര്യമെന്നാണ് വേർപിരിയലിനെ ബ്രൂണ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു ഇരുവർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച് രണ്ട് മാസം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് വേർപിരിയൽ.
‘ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാന്‍ എല്ലാദിവസവും വാർത്തകളിൽ നിറഞ്ഞുനില്ക്കുന്നതിനാല് ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.’- ബ്രൂണ കുറിച്ചു.
ബ്രസീലിയൻ മോഡൽ അലിന് ഫാരിയാസിന് നെയ്മര്‍ അയച്ച സന്ദേശങ്ങൾ അടുത്തിടെ ചർച്ചയായിരുന്നു. എന്നാൽ, ഇത് നിഷേധിച്ച് നെയ്മറും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം നെയ്മർ അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം പുറത്ത് വന്നിരുന്നു. മോഡലിന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നെയ്മര്‍ മെസേജ് അയച്ചത്. ഇത് വർഷങ്ങൾക്ക് മുമ്പ് അയച്ച മെസേജുകളെന്നാണ് നെയ്മർ വെളിപ്പെടുത്തിയത്. നെയ്മറിന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെടുത്തി നിരവധി വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് വേർപിരിയുന്നതായി ബ്രൂണ വ്യക്തമാക്കിയിരിക്കുന്നത്.
2012- ലാണ് നെയ്മറും ബ്രൂണ ബിയാൻകാർഡിയും പരിചയപ്പെടുന്നത്. തുടർന്ന് ആറു വർഷം പ്രണയിച്ചു. 2018-ല്‍ നെയ്മറും ബ്രൂണയും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 2022-ല്‍ ഇരുവരും വീണ്ടും ഒന്നിക്കുകയും പ്രണയത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. വിവാഹനിശ്ചയം വരെ കാര്യങ്ങള്‍ എത്തിയെങ്കിലും ഇതിനിടയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. പിന്നീട് പ്രശ്നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ല്‍ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഇരുവരും പങ്കുവെയ്ക്കുകയും ചെയ്തു. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്.