തൃശൂർ: സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് നടത്തുന്നതുമായി ബന്ധപ്പെട്ട് പാർക്ക് ഡയറക്ടർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടറോടാണ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒല്ലൂർ മണ്ഡലം നവകേരള സദസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ഹർജിയിലാണ് കോടതി നിർദ്ദേശം. പാർക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം നാളെ തന്നെ ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഡിസംബർ അഞ്ചിനാണ് പുത്തൂരിലെ പുതിയ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. നിയമം ലംഘിച്ചാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഷാജി കോടങ്കണ്ടത്താണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.