പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സംഗീതത്തിന്റെ രാവൊരുക്കി ഡ്രം മാന്ത്രികൻ ശിവമണി. കഴിഞ്ഞ ദിവസമാണ് ശിവമണിയുടെ ഭക്തി നാദവിസമയം സന്നിധാനത്ത് അരങ്ങേറിയത്. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഗായകൻ സുദീപ് കുമാറും, ഈ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കീബോർഡ് വാദകനുമായ പ്രകാശ് ഉള്ള്യേരിയും ശിവമണിക്കൊപ്പം സംഗീതനിശക്കുണ്ടായിരുന്നു. പിറന്നാൾ ദിനത്തിൽ അയ്യപ്പന് നൽകുന്ന നേർച്ചയാണ് തന്റെ സംഗീതമെന്നും എല്ലാവരും അയ്യപ്പനെ കണ്ട് സന്തോഷത്തോടെയായിരിക്കണം മലയിറങ്ങേണ്ടതെന്നും ശിവമണി പറഞ്ഞു.
പിറന്നാൾ ദിനമായ ഇന്നലെ മകളോടൊപ്പമാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദർശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയേയും കണ്ടതിന് ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.