മുംബൈ: വൈറ്റ് ബോളിലേക്ക് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീം ഇനി പരിഗണിക്കില്ലെന്ന് സൂചന. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായിരിക്കും ഷമിയെ ബിസിസിഐ പരിഗണിക്കുകയെന്നും, ഐപിഎല്ലിലെ താരത്തിന്റെ പ്രകടനം വിലയിരുത്തിയാകും 2024 ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കുകയെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-ലെ ഏകദിന ലോകകപ്പിൽ 24 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതായിരുന്നു മുഹമ്മദ് ഷമി.
ഇന്ത്യ ആതിഥേയത്വം വഹിച്ച 2023ലെ ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമിയ്‌ക്ക് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചത്. 7 മത്സരങ്ങളിൽ നിന്നാണ് താരം 24 വിക്കറ്റ് വീഴ്‌ത്തിയത്. ഇതിൽ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാല് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. ലോകകപ്പിൽ 48.5 ഓവറുകൾ എറിഞ്ഞ മുഹമ്മദ് ഷമി 10.71 എന്ന ശരാശരിയിലാണ് 24 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഡിസംബർ 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്ന് വീതമുള്ള ഏകദിന-ടി20 മത്സരങ്ങളിലേക്ക് താരത്തെ പരിക്കിനെ തുടർന്ന് പരിഗണിച്ചിട്ടില്ല. അതേസമയം ടെസ്റ്റ് സ്‌ക്വാഡിൽ ഷമിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദിന ലോകകപ്പിന്റെ ഭാഗമായ പ്രധാനതാരങ്ങളെല്ലാം ടി20 ലോകകപ്പിന്റെ ഭാഗമാകാനാണ് സാധ്യത. എങ്കിലും ഷമിയെ പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടി20 സ്‌ക്വാഡിൽ ഷമി ഉൾപ്പെടുക എന്നത് ബിസിസിഐയെ ഉദ്ധരിച്ചാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഷമി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയും പരിശീലനവും നടത്തും. ഇവിടെ ഫിറ്റ്‌നസ് തെളിയിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമിയ്‌ക്ക് സ്ഥാനം ലഭിക്കൂ.