ജയ്പൂർ: രാജസ്ഥാനിൽ മുൻ കേന്ദ്രമന്ത്രിയും ഒളിമ്പിക്ക് മെഡൽ ജേതാവുമായ കേണൽ രാജ്യവർദ്ധൻ റാത്തോഡിന് മിന്നും വിജയം. ബിജെപി സ്ഥാനാർത്ഥിയായി ഝോത്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച റാത്തോഡ് കോൺഗ്രസിന്റെ അഭിഷേക് ചൗധരിയെയാണ് പരാജയപ്പെടുത്തിയത്. ചൗധരിക്ക് എതിരെ 50167 വോട്ടുകളുടെ ഭൂരിപക്ഷമാണ് റാത്തോഡ് നേടിയത്. 147913 വോട്ടുകളാണ് റാത്തോഡ് സ്വന്തമാക്കിയത്. രാജസ്ഥാനിലെ മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാ മണ്ഡലമാണ് ഝോട്വാര. ഗ്രാമീണ മേഖലയിലെ മണ്ഡലത്തിൽ 356,039 വോട്ടർമാരാണുള്ളത്. 2018-ൽ 71.65%, 2013-ൽ 74.61%, 2008-ൽ 61.7% എന്നിങ്ങനെയായിരുന്നു പോളിംഗ്.
ആകെയുള്ള 199 സീറ്റുകളിൽ 114 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 23 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വിജയിച്ചു. എന്നാൽ, 70 ഇടത്ത് മാത്രമാണ് ഭരണകക്ഷിയായ കോൺഗ്രസിന് മേൽക്കൈയുള്ളത്. സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ ബിഎസ്പിയും മറ്റൊരു മണ്ഡലത്തിൽ ഭാരത് ആദിവാസി പാർട്ടിയും വിജയം കരസ്ഥമാക്കിയിട്ടുണ്ട്. രാഹുൽ നേരിട്ട നയിച്ച തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്തെ ഫലമാണ് ഇപ്പോൾ എത്തുന്നത്. ഇവയിൽ മൂന്ന് സംസ്ഥാനങ്ങളും ബിജെപി മുന്നേറ്റമാണ്.















