ന്യൂഡൽഹി: പുതിയ കുതിപ്പുകൾക്ക് തയ്യാറെടുക്കുകയാണ് ഇസ്രോ. രാജ്യത്തെ ആദ്യത്തെ പോളാരിമെട്രി ദൗത്യം ഡിസംബർ 28-നകം വിക്ഷേപിക്കുമെന്ന് ബഹിരാകാശ ഏജൻസിയിലെ മുതിർന്ന ശാസ്ത്രജ്ഞർ പറഞ്ഞു.
ബഹിരാകാശ-എക്സ്റേ ഉറവിടങ്ങളെ കണ്ടെത്താനുള്ള നിർണായക ദൗത്യമാണ് എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്). പ്രകാശത്തിന്റെ ധ്രുവീകരണം അളക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തെതുമായ ബഹിരാകാശ ദൗത്യമാണ് എക്സ്പോസാറ്റ്. പ്രധാനമായും ഇമേജിംഗ്, ടൈം-ഡൊമെയ്ൻ പഠനങ്ങൾ, സ്പെക്ട്രോസ്കോപ്പി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബൃഹത്തായ പഠനങ്ങളാകും നടത്തുക.
ധൂമകേതുക്കൾ കടന്നുപോകുന്നത് മുതൽ വിദൂര ഗാലക്സികൾ വരെയുള്ള ഖഗോള വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ അനുമാനിക്കാൻ ജ്യോതിശാസ്ത്രജ്ഞരെ അനുവദിക്കുന്ന ഉപകരണമാണ് പോളാരിമെട്രി. ഇത് ഉപയോഗിച്ചുള്ള ദൗത്യം രാജ്യത്തിനേറെ നിർണായകമാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. വിവിധ ജ്യോതിശാസ്ത്ര സ്രോതസുകളിൽ നിന്നുള്ള ബഹിർഗമനത്തെ കണ്ടെത്തി കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുകയും അവയുടെ തീവ്രത അളക്കുകയുമാണ് ഇസ്രോയുടെ ലക്ഷ്യം. പഠിക്കാനേറെ ബുദ്ധിമുട്ടുള്ള ന്യൂട്രോൺ, നക്ഷത്രങ്ങൾ, സജീവ ഗാലക്‌സി ന്യൂക്ലിയുകൾ, പൾസാർ വിൻഡ് നെബുലകൾ തുടങ്ങിയവയെ സംബന്ധിച്ചാകും ദൗത്യം പഠനം നടത്തുക.















