മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്ത ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാകില്ലെന്ന് വിവരം. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന്റെ വര്‍ക്ക് ലോഡ് കുറക്കുന്നതിന്റെ ഭാഗമായി ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചതായി വിവരം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് നീക്കം. ക്രിക്കറ്റ് ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒരുവര്‍ഷമായി ചുരുക്കം മത്സരങ്ങള്‍ കളിക്കാനെ താരത്തിന് കഴിഞ്ഞിരുന്നുള്ളു. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന്റെ കരിയറിന് വെല്ലുവിളിയായത്. ഏകദിന ലോകകപ്പില്‍ സ്ക്വാഡില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാനായിരുന്നില്ല. കൈയിലെ വേദന കാരണം ആര്‍ച്ചറിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
കഴിഞ്ഞ സീസണില്‍ മുംബൈക്കായി പന്തെറിഞ്ഞ താരത്തിന് അഞ്ചുമത്സരങ്ങളില്‍ നിന്ന് 2 വിക്കറ്റേ നേടാനായുള്ളു. ലേലത്തില്‍ താരത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.