വയനാട്: കെഎസ്ആർടിസി ബസിലൂടെ സ്വർണം കടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശിയായ സഫീർ അലി ടിസിയാണ് പിടിയിലായത്. മുത്തങ്ങയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. മുത്തങ്ങ എകസൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിലാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്.
ഇയാൾ സ്വർണം കർണാടകയിൽ നിന്ന് എത്തിച്ചതാണെന്നാണ് വിവരം. സ്വർണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു പ്രതി. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒന്നരക്കോടി രൂപ വിലമതിപ്പുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ തുടർനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.