എറണാകുളം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി തിയേറ്റർ ഉടമകൾ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ കമ്പനി കുടിശിക നൽകാനുണ്ടായിരുന്നു. ഈ തുക തവണകളായി അടക്കാമെന്ന് രഞ്ജി പണിക്കർ നൽകിയ ഉറപ്പിലാണ് വിലക്ക് നീക്കിയത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏപ്രിലിലും രഞ്ജി പണിക്കർക്കെതിരെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അദ്ദേഹം അഭിനയിച്ചതോ മറ്റേതെങ്കിലും തരത്തിൽ രഞ്ജി പണിക്കർ സഹകരിച്ചതോ ആയ ചിത്രമടക്കം തിയേറ്ററിൽ പ്രദശിപ്പിക്കില്ലായെന്നായിരുന്നു ഫിയോക്കിന്റെ തീരുമാനം. വിലക്ക് നീക്കിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇനി തിയേറ്ററിൽ പ്രദർശിപ്പിക്കാനാവും.