പാലക്കാട്: നവകേരള സദസിൽ പങ്കെടുക്കാൻ തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ട്. പാലക്കാട് തൃത്താല പഞ്ചായത്തിലെ എൽഡിഎഫ് മെമ്പറാണ് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശമയച്ചത്. നവകേരള സദസിൽ പങ്കെടുത്തില്ലെങ്കിൽ, ‘പിന്നെ പുതിയ പണി’യെന്ന് പറഞ്ഞ് വരാൻ നിൽക്കരുതെന്നായിരുന്നു ഭീഷണി.
സർക്കാർ പരിപാടിയാണ്, മുഴുവൻ പേരും പരിപാടിയിൽ പങ്കെടുക്കണം. മന്ത്രിയുടെ മണ്ഡലത്തിലെ പരിപാടിയാണെന്ന കാര്യം ആരും മറക്കരുത്. വരാത്തവർ ആരൊക്കെയാണെന്ന് കൃത്യമായി രേഖപ്പെടുത്തി വയ്ക്കുമെന്നും മെമ്പർ ഭീഷണിപ്പെടുത്തി. 12-ാം വാർഡ് മെമ്പർ പിപി വിജീഷാണ് ഭീഷണി സന്ദേശമയച്ചത്.
എന്നാൽ ഇതൊരു ഭീഷണിയായി പറഞ്ഞതല്ലെന്നാണ് വാട്സ്ആപ്പ് സന്ദേശത്തെക്കുറിച്ച് മെമ്പറുടെ മറുപടി. സർക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിക്കേണ്ടത് തന്റെ ചുമതലയാണല്ലോയെന്ന് കരുതി, അതിന്റെ ഭാഗമായി അയച്ച സന്ദേശമാണെന്നും വിജീഷ് പിപി വിശദീകരിച്ചു. നേരത്തെയും നവകേരള സദസിന്റെ പേരിൽ തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ ഭീഷണി നേരിട്ടിരുന്നു. ഇതിന്റെ വാട്സ്ആപ്പ് സന്ദേശങ്ങളും വൈറലായിരുന്നു.