ന്യൂഡൽഹി: അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി കോപ് 33-ന് ആതിഥേയത്വം വഹിക്കാൻ സാധിക്കുന്ന ഒരു രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾ നാസ്സർ അൽ- ഷാലി. 2028-ൽ നടക്കാൻ പോകുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോപ് 28 ഉച്ചകോടിയിലെ അംഗങ്ങൾ ഇന്ത്യയിലെത്തിയിരുന്നു. എങ്ങനെയാണ് ഇന്ത്യ ജി20 ഉച്ചകോടി നടത്തിയതെന്ന് മനസിലാക്കുകയും പഠിക്കുകയും ചെയ്തിരുന്നു. മറ്റൊരു രാജ്യത്തിന്റെ അനുഭവങ്ങളിൽ നിന്ന് നാം കാര്യങ്ങൾ പഠിക്കണം. എന്നാൽ മാത്രമേ നമുക്ക് അത് കുറച്ചുകൂടി മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ഉച്ചകോടി കൂടുതൽ വിജയമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. അതിനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ട്. അക്കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യത്തിന് ഇത് വിജയിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് ഇന്ത്യയാണ്. കോപ് 28ൽ യുഎഇ മുന്നോട്ടുവയ്ച്ചത് പകർത്താനും നയങ്ങൾ പിന്തുടരാനും ഇന്ത്യ അദ്ധ്യക്ഷ പദവിയിലെത്തുന്ന കോപ് 33ന് സാധിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.