ബോളിവുഡിൽ ഒരു ഇടക്കാലത്തിന് ശേഷം വൻ ഹിറ്റായി മാറിയ ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. നടൻ ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയത്. അർജുൻ റെഡ്ഡി സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ ഒന്നിന് തീയേറ്ററിലെത്തിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 425 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇടവേളയ്ക്ക് മുന്‍പുള്ള 18 മിനിറ്റ് ആക്ഷന്‍ സീക്വന്‍സില്‍ രണ്‍ബീര്‍ കപൂര്‍ ഭീമാകാരമായ ഒരു മെഷീന് ഗണ്‍ ഉപയോഗിക്കുന്നുണ്ട്. ചിത്രം കണ്ട പ്രേക്ഷകരില്‍ പലരും ഒരുപക്ഷേ ധരിച്ചിരിക്കാവുന്നത് അത് വിഎഫ്എക്സ് ആണെന്നാണ്. എന്നാൽ, അത് യഥാർത്ഥത്തിൽ നിർമ്മിച്ചതാണ്.
സിനിമയിലെ ഉപയോഗത്തിനായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുരേഷ് സെല്‍വരാജന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ മെഷീൻ ഗൺ നിർമ്മിച്ചത്. 500 കിലോ ഭാരം വരുന്ന ഈ യഥാര്‍ഥ മെഷീന് ഗണ്‍ പൂര്‍ണ്ണമായും സ്റ്റീലിലാണ് പണിതിരിക്കുന്നത്. ഈ മെഷീന് ഗണ്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തെക്കുറിച്ച് അനിമലിന്റെ ചെന്നൈ പ്രൊമോഷന്റെ സമയത്ത് രണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നു. ഈ ഉപകരണം സുരേഷ് സെല്വരാജന് ആദ്യം കൊണ്ടുവന്നപ്പോള്‍ തനിക്ക് വലിയ ആവേശം തോന്നിയെന്നും എന്നാല്‍ ചിത്രീകരണം അല്പം ബുദ്ധിമുട്ടുള്ളതായിരുന്നെന്നും രണ്‍ബീര്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ താരം തുറന്ന് പറഞ്ഞത്.
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ചിത്രീകരണത്തിനുവേണ്ടി ഇത്തരമൊരു ഉപകരണം നിർമ്മിച്ചത്. മെഷീൻ ഗണിന്റെ അമിത ശബ്ദം മൂലം ചെവിയ്ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.