തിരുവനന്തപുരം: പ്രമുഖ ജ്വല്ലറിയിൽ നിന്നും സ്വർണ ബിസ്ക്കറ്റുകൾ വിദഗ്ധമായി തട്ടിയെടുത്ത് പ്രതി കടന്നു കളഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മസ്ക്കറ്റ് ഹോട്ടലിൽ വച്ചാണ് ജ്വല്ലറി മാനേജറിൽ നിന്നും വിദഗ്ധമായി തട്ടിപ്പുകാരൻ ബിസ്ക്കറ്റുകൾ തട്ടിയെടുത്ത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് 3 സ്വർണ ബിസ്ക്കറ്റുകൾ വേണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജ്വല്ലറിയിലേക്ക് ഫോൺ കോൾ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജ്വല്ലറി മാനേജർ തന്നെ ഹോട്ടലിൽ 30 ഗ്രാം വരുന്ന സ്വർണ ബിസ്ക്കറ്റുകളുമായി എത്തി. മാനേജറിൽ നിന്നും മൂന്ന് സ്വർണ ബിസ്ക്കറ്റുകളും ഇയാൾ വാങ്ങുകയും മുതലാളിയെ വിളിച്ചു വരാമെന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങുകയുമായിരുന്നു.
ഏറെ നേരം കഴിഞ്ഞും ഇയാളെ കാണാത്തതിനെ തുടർന്ന് മാനേജർ ഫോൺ വിളിച്ചെങ്കിലും തട്ടിപ്പുകാരന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന കാര്യം മാനേജർ തിരിച്ചറിഞ്ഞത്. ഉടനെ പോലീസിൽ വിവരം നൽകി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ നമ്പറിന്റെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.