റോം: ചൈനീസ് ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ച് ഇറ്റലി. വൺ റോഡ് വൺ ബെൽറ്റ് പദ്ധതിയിൽ നിന്നും ഇറ്റാലി പിന്മാറുന്നത് സംബന്ധിച്ചുള്ള സൂചനകൾ ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യോർജിയാ മെലോണി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ഔദ്യോഗികമായി ചൈനയെ അറിയിച്ചിരിക്കുകയാണ് ഇറ്റലി.
ബെൽറ്റ് റോഡ് പദ്ധതി പ്രതീക്ഷകൾക്കൊപ്പം ഉയർന്നില്ലെന്ന് ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായത് തെറ്റായ തീരുമാനമായിരുന്നു എന്ന് പ്രധാനമന്ത്രി മെലോണിയും ഇറ്റാലിയൻ പ്രതിരോധമന്ത്രിയും അഭിപ്രായപ്പെട്ടു. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല.
നിലവിൽ 18.5 ബില്യൺ യൂറോയുടെ കയറ്റുമതിയാണ് ഇറ്റലി ചൈനയിലേക്ക് നടത്തുന്നത്. തിരികെ ചൈന 50.9 ബില്യൺ യൂറോയുടെ കയറ്റുമതിയും. ബെൽറ്റ്് റോഡിൽ നിന്നുള്ള പിൻമാറ്റം ഇരു രാജ്യങ്ങളുടെയും വ്യാപാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ഇടയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇറ്റലിയുടെ പടിയിറക്കത്തോടെ ബെൽറ്റ് റോഡ് പദ്ധതിക്ക് തന്നെ അവനസാനമാകുന്ന നിലയിലേയ്‌ക്കാണ് കാര്യങ്ങൾപോകുന്നത്. നിരവധി രാജ്യങ്ങൾ ഈ നീക്കത്തിന്റെ ഭാഗമാകുമെന്നാണ് നയതന്ത്രമേഖലയിലെ വിദഗ്ധർ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും പ്രായമായവരുടെ വർദ്ധനവും ചൈനയുടെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു. മൂഡി ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര ഏജൻസികൾ നെഗറ്റീവ് ലിസ്റ്റിലാണ് ചൈനയെ ഉൾപ്പെടുത്തിയിരിക്കുന്നത്.















