തൃശൂർ: കേരളത്തിലെ പ്രസിദ്ധമായ രാമക്ഷേത്രമാണ് തൃപ്രയാർ രാമക്ഷേത്രം. തൃശൂർ ജില്ലയിലെ നാട്ടികയിൽ തൂതപ്പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രസിദ്ധമായതും പ്രധാനപ്പെട്ടതുമായ ദിനമാണ് തൃപ്രയാർ ഏകാദശി. വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നുമാണ് അറിയപ്പെടുന്നത്.
വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശിയിലാണ് പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ആചരിക്കുന്നത്. വിഷ്ണു ക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിക്കാണ് പ്രാധാന്യമുള്ളതെങ്കിലും തൃപ്രയാർ ക്ഷേത്രത്തിൽ കറുത്തപക്ഷ ഏകാദശിക്കാണ് പ്രാധാന്യം. തൃപ്രയാറപ്പന്റെ ശിവചൈതന്യത്താലാണ് കറുത്തപക്ഷ ഏകാദശിക്ക് പ്രാമുഖ്യം നൽകുന്നത്.
ഏകാദശി നാളിൽ ശ്രീരാമനെ കണ്ട് വണങ്ങാനും ഏകാദശിവ്രതങ്ങൾ അനുഷ്ഠിക്കാനും ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തുത്. ഏകാദശി ദിവസം ഭഗവാന്റെ നിർമ്മാല്യദർശനം തൊഴുന്നത് പുണ്യമാണ്. ദ്വാദശിസമർപ്പണത്തിനും ദ്വാദശി ഊട്ടിൽ പങ്കുചേരുന്നതിനുമായി ഇന്നും നാളെയുമായി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും. കതിനാവെടിയും മീനൂട്ടുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാർ രാമക്ഷേത്രം. തൃശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. കർക്കിടക മാസത്തിലെ നാലമ്പല ദർശനം ഭക്തർ ഇവിടെ നിന്നാണ് തുടക്കം കുറിക്കുന്നത്.















