തരംതാഴ്ന്ന ലോഹങ്ങളെ സ്വർണമോ വെള്ളിയോ ആക്കാനുള്ള വിദ്യയാണ് രസവാദം. ഈ വിദ്യ ഹാലാസ്യനാഥൻ പ്രകടിപ്പിച്ച ലീലയാണ്. പണ്ട് ഭൂമിയിൽ സ്വർഗ്ഗത്തേക്കാൾ മനോഹരമായ ഒരു പുണ്യഭൂമി ഉണ്ടായിരുന്നു. അതിന്റെ നാമം പുഷ്പവനം എന്നായിരുന്നു. അവിടെ സ്വയംഭൂവായ ഒരു ശിവലിംഗം ഉണ്ട്. പുഷ്പവനനാഥൻ എന്നാണ് ഇവിടുത്തെ ശിവ ഭഗവാൻ അറിയപ്പെട്ടിരുന്നത്. ആ ക്ഷേത്ര പരിസരത്തുള്ള പൊടികൾ പോലും ശിവലിംഗ സദൃശ്യങ്ങളാണ് അതുകൊണ്ട് ബ്രഹ്മാദിദേവൻമാരും അവിടെ ചവിട്ടാതെ ദൂരെ നിന്നാണ് ഈശ്വരനെ സേവിക്കുന്നത്. നക്ഷത്രങ്ങളും സൂര്യാദിഗ്രഹങ്ങളും ആ ക്ഷേത്രത്തെ ഭക്തിപൂർവ്വം പ്രദക്ഷിണം ചെയ്യുന്നു. ഇത്രയും മാഹാത്മ്യം ഉള്ള പുഷ്പവനേശനെ സദാ ഭക്തിപൂർവ്വം സ്മരിക്കുന്ന ഒരു വേശ്യ ആ നാട്ടിൽ ഉണ്ടായിരുന്നു .എന്നും പൂജാവസാനം നൃത്തം ചെയ്തിരുന്ന ആ സുന്ദരി ഹേമനാഥ എന്ന പേരിനാൽ അറിയപ്പെട്ടു. ഈ ശിവഭക്ത നിത്യവും പ്രഭാതത്തിൽ സ്നാനം ചെയ്തു ഭസ്മവും രുദ്രാക്ഷവും ധരിച്ച് ശിവ ഭക്തരെ ശുശ്രൂഷിച്ചിരുന്നു.
ശക്തിസ്വരൂപിണിയായ അന്നപൂർണേശ്വരിയുടെ കൃപാ കടാക്ഷംകൊണ്ട് നിത്യവും അനേകം ശിവഭക്തർക്ക് ഭക്ഷണം നൽകിയിരുന്ന ആ ഭക്ത ശിവപൂജ നടത്തിയതിനുശേഷം ഉച്ഛിഷ്ടഭക്ഷണമാണ് ഭക്ഷിച്ചിരുന്നത്. ദിവസവും തന്റെ കുലത്തൊഴിൽ ചെയ്താണ് എല്ലാത്തിനും ഉള്ള ധനം ഹേമനാഥ സമ്പാദിച്ചിരുന്നത്. ഭക്തി കൂടിയത് കൊണ്ട് പുഷ്പവനനാഥന് സ്വർണ പ്രതിമ നിർമിക്കണമെന്ന് ആഗ്രഹവും ആ ശിവഭക്തക്കുണ്ടായി. ഉടൻതന്നെ സാമ്പനായ ശിവന്റെ സ്വർണ പ്രതിമ നിർമ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. അതിനുവേണ്ടി ശിൽപ്പികളെയും വരുത്തുവാൻ തീരുമാനിച്ചു. സ്വർണപ്രതിമ ഉണ്ടാക്കുവാൻ വേണ്ടതായ നിർമ്മലമായ സ്വർണം എങ്ങനെ കിട്ടും എന്ന ചിന്ത ആ ഭക്തയെ അസ്വസ്ഥയാക്കി. കിട്ടുന്ന ധനം മുഴുവൻ ശിവഭക്തർക്ക് ഭക്ഷണം നൽകാൻ മാത്രമേ തികയുകയുള്ളൂ. അതിൽ ഒട്ടും അവശേഷിക്കുന്നില്ല. ശിഷ്ട രക്ഷണം നൽകുന്ന സുന്ദരേശ ഭഗവാൻ തന്റെ ആഗ്രഹം സാധിച്ചു തരും എന്ന് ശിവഭക്ത ദൃഢമായി വിശ്വസിച്ചു.
സുന്ദരേശ്വര ഭഗവാൻ ഭക്തയുടെ ആഗ്രഹം സാധിപ്പിക്കുവാൻ ഒരു സുന്ദരനായ താപസന്റെ രൂപം സ്വീകരിച്ചു .സ്വന്തം ആയുധമായ ഗദ കയ്യിലേന്തിയും കർണങ്ങളിൽ സ്ഫടിക കുണ്ഡലങ്ങൾ അണിഞ്ഞും ആണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത്. നിത്യവും ഭോജനം കഴിക്കുവാൻ പോകുന്ന ശിവഭക്തരോടൊപ്പം താപസനും വേശ്യാ ഭവനത്തിൽ പ്രവേശിച്ചു. ശിവ ഭക്തരുടെ കാലുകൾ കഴുകിച്ച് ഭക്ഷണവും ദക്ഷിണയും നൽകുന്നത് ഒരിടത്ത് മാറിയിരുന്ന് ദർശിച്ചു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും സ്വസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. ഭക്ഷണം കഴിക്കാതെ ഒരിടത്ത് നിശബ്ദനായിരിക്കുന്ന താപസനെ ഹേമനാഥയുടെ ദാസിമാർ കണ്ടു..അവർ ഈ കാര്യം അറിയിച്ചപ്പോൾ ആ ശിവഭക്ത ഓടി വരികയും നമസ്കരിച്ചുകൊണ്ട് വിനയപൂർവ്വം സമീപം നിൽക്കുകയും ചെയ്തു. സ്വന്തം അന്തപുരത്തേക്ക് അദ്ദേഹത്തെ ക്ഷണിച്ചു അപ്പോൾ താപസൻ ഇങ്ങനെ പറഞ്ഞു..
നീ ധർമ്മ തല്പരയാണ് ധർമ്മാനുഷ്ഠാനത്തിൽ നിനക്ക് തുല്യയായി ആരുമില്ല. നിത്യമല്ലാത്ത ശരീരം കൊണ്ട് അനശ്വരവും ഉത്തമവും ആയ പല ധർമ്മങ്ങളും നീ അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തമമായ ധർമ്മം ശിവ ധർമ്മം ആണെന്നാണ് വിജ്ഞാനികളുടെ അഭിപ്രായം. ശിവ ധർമ്മങ്ങളിൽ ഉത്തമം ലിംഗാർച്ചനയാണ്. ശിവ ഭക്തരെ പൂജിക്കുന്നത് അതിലും ഉത്തമമാണ്. മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടും ആണ് ധർമ്മം അനുഷ്ഠിക്കേണ്ടത്. നീ അതെല്ലാം ചെയ്തു. സാംബശിവന്റെ പ്രതിമ നിർമ്മിക്കാൻ നീ ആഗ്രഹിക്കുന്നതായി ഞാനറിഞ്ഞു.. അത് നീ നിർമ്മിക്കണം. ഹാലാസ്യത്തിൽ വസിക്കുന്ന ഒരു സിദ്ധനാണ് ഞാൻ. നിനക്ക് കാര്യസിദ്ധി വരുത്തുവാൻ ആണ് ഞാൻ ആഗതൻ ആയത് രസവാദത്തിൽ ഞാൻ സമർത്ഥനാണ്. (രസവാദം തരംതാണ ലോഹങ്ങളെ സ്വർണമാക്കുന്ന വിദ്യ).
അതുകൊണ്ട് നീ ദുഃഖിക്കേണ്ട, ഗൃഹത്തിൽ ഉള്ള വെള്ളിയും ചെമ്പും ഇരുമ്പും എടുത്തുകൊണ്ടു വരിക, ഉടൻ. ഹേമ നാഥ ഭവനത്തിനുള്ള തരംതാണ ലോഹ നിർമ്മിതമായവയെല്ലാം സിദ്ധന്റെ മുന്നിൽ വെച്ചു. അദ്ദേഹം ഭസ്മം കയ്യിലെടുത്ത് സസന്തോഷം പാത്രങ്ങളിൽ സ്പർശിച്ചു. രാത്രിയിൽ അവയെല്ലാം അഗ്നിയിൽ അടയ്‌ക്കണം എന്നും പ്രഭാതത്തിൽ നോക്കുമ്പോൾ സ്വർണമായി ഭവിച്ചിരിക്കുന്നത് കാണാമെന്നും താപസൻ പറഞ്ഞു.
ആ സ്വർണ്ണം ഉപയോഗിച്ച് പ്രതിമ നിർമ്മിക്കുവാനുള്ള അനുവാദവും നൽകി. ഹേമ നാഥ അദ്ദേഹത്തിനെ പ്രണമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ഇവിടെ ഭക്ഷണം കഴിച്ച് ഇന്നു രാത്രിയിൽ ഇവിടെ വസിച്ചാലും. നാളെ പ്രഭാതത്തിൽ തന്നെ അങ്ങേക്ക് പോകാമല്ലോ. താപസരൂപിയായ ഭഗവാൻ മന്ദഹാസപൂർവ്വം അത് ശ്രവിച്ചു. പെട്ടെന്ന് ആകാശമാർഗ്ഗത്തിൽ കൂടി മറഞ്ഞു. തന്നെ അനുഗ്രഹിച്ചത് സുന്ദരേശ ഭഗവാനാണെന്ന് ആ ശിവ ഭക്തയ്‌ക്ക് മനസ്സിലായി. ഭഗവാൻ അപ്രത്യക്ഷനായപ്പോൾ ഹേമനാഥ ദുഃഖിച്ചു. എങ്കിലും തന്റെ ആഗ്രഹം സാധിക്കുവാൻ ഇടയായതിൽ സന്തോഷിച്ചുകൊണ്ട് ഭഗവാൻ സ്പർശിച്ചവ എല്ലാം അഗ്നിയിൽ നിക്ഷേപിച്ചു. പ്രഭാതത്തിൽ നോക്കിയപ്പോൾ എല്ലാം നല്ല സ്വർണങ്ങളായി മാറിയിരിക്കുന്നത് കണ്ടു. അത് എടുത്ത് ഹേമനാഥ ശില്പികളെ കൊണ്ട് യഥാവിധി പ്രതിമ നിർമിച്ചു. ശിവ ഭക്തരും ശിവജ്ഞാനികളും ആയ ആചാര്യന്മാരെ കൊണ്ട് ഒരു നല്ല മുഹൂർത്തത്തിൽ ആ പ്രതിമ പ്രതിഷ്ഠിച്ചു. വളരെ സൗന്ദര്യമുള്ള ആ പ്രതിമയ്‌ക്ക് ഹേമനാഥൻ എന്നും സുന്ദരനാഥൻ എന്നും നാമങ്ങൾ നൽകി. ഹേമനാഥ തന്റെ നിരവിരലുകൾ കൊണ്ട് പ്രതിമയുടെ കവിൾത്തടത്തിൽ സ്പർശിച്ചു. അപ്പോൾ ആ ഭാഗത്ത് വിരലടയാളം തെളിഞ്ഞുവന്നു. ഇന്നും ആ പ്രതിമയിൽ അത് കാണാം. ഹേമനാഥേശന് ഉത്സവാദികൾ നടത്തിയും സ്വർണ നിർമ്മിതമായ നാനാഭരണങ്ങൾ നൽകിയും മഹേശനെ സേവിച്ചുകൊണ്ട് ഹേമനാഥ സന്തോഷപൂർവ്വം ജീവിതം നയിച്ചു.
ഹേമ നാഥനെ ആരാധിക്കുന്നവർക്ക് എല്ലാ ആഗ്രഹങ്ങളും സാധിക്കുമെന്നാണ് ഫലശ്രുതി
അടുത്ത ഹാലാസ്യ മാഹാത്മ്യം 37 – ചോള ഭൂപതിയുടെ വാപീപതനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു . ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/















