പാലക്കാട്: സിനിമാ ചിത്രീകരണത്തിനിടെ നടൻ ബിബിൻ ജോർജിന് പരിക്ക്. ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. ബിബിൻ ജോർജിന്റെ ആക്ഷൻരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. അപകട സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റിന് സാരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിബിൻ ജോർജിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തുടർന്ന് സിനിമയുടെ ചിത്രീകരണം ഇന്നത്തേയ്‌ക്ക് നിർത്തിവച്ചു. ബിബിൻ നായകനാകുന്ന ഗുമസ്തനിൽ ദിലീഷ് പോത്തനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, മക്ബുൽ സൽമാൻ കൈലാഷ്, എന്നിവരാണ് മറ്റ് താരങ്ങൾ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.















