കറാച്ചി: പാകിസ്താനിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. ലാഹോറിൽ ഈ വർഷം ഇതുവരെ 845 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ പരാതിയിൽ പ്രതികളെ പിടികൂടാൻ ജെൻഡർ ക്രൈം സെല്ലിന് കഴിഞ്ഞില്ലെന്നും പാകിസ്താൻ ഉറുദു പത്രമായ നയ് ബാത്ത് റിപ്പോർട്ട് ചെയ്തു. അതേസമയം പോലീസിന്റെ കണക്കുകൾ പ്രകാരം ലാഹോറിൽ ഈ വർഷം 711 ലൈംഗികാതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നിട്ടുള്ളതെന്നും നയ് ബാത്ത് പറഞ്ഞു.
ലാഹോറിൽ 241 കേസുകളുമായി കാന്റോമെന്റ് ഡിവിഷൻ ഒന്നാം സ്ഥാനത്തും 197 കേസുകളുമായി സദർ ഡിവിഷൻ രണ്ടാം സ്ഥാനത്തുമാണ്. 139 സംഭവങ്ങളുമായി മോഡൽ ടൗൺ ഡിവിഷൻ മൂന്നാമതും 57 സംഭവങ്ങളുമായി ഇഖ്ബാൽ ടൗൺ ഡിവിഷൻ നാലാമതും 52 സംഭവങ്ങളുമായി സിവിൽ ലൈൻ ഡിവിഷൻ അഞ്ചാമതും 45 സംഭവങ്ങളുമായി സിറ്റി ഡിവിഷൻ ആറാമതും എത്തി.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കൂട്ടബലാത്സംഗങ്ങളിൽ എട്ട് സംഭവങ്ങളുമായി സിറ്റി ഡിവിഷൻ ഒന്നാമതും സദർ ഡിവിഷൻ രണ്ടാം സ്ഥാനത്തുമാണ്.
പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ 30 കേസുകളുമായി സദർ ഡിവിഷനാണ് ഒന്നാം സ്ഥാനത്ത്.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ റാറ്റോഡെറോയിൽ മകളെ പഠിപ്പിക്കാനും സഹോദരന്മാർക്കൊപ്പം മോട്ടോർ സൈക്കിളിൽ സ്‌കൂളിൽ പോകാനും അനുവദിച്ച കർഷകന്റെ ഗോതമ്പുപാടം ഗ്രാമവാസികൾ കത്തിച്ചിരുന്നു. മകൾ സൈനബ് സാങ്കെജോ മോട്ടോർ ബൈക്ക് ഓടിക്കുന്നത് തടയാൻ ഗ്രാമവാസികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും എന്നാൽ അവരുടെ മുന്നറിയിപ്പുകൾ താൻ ഗൗനിച്ചില്ലെന്നും പിതാവ് പറഞ്ഞു. -ദി എക്സ്പ്രസ് ട്രിബ്യൂണാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.