പത്തനംതിട്ട: പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേൽക്കൂരയ്ക്കെതിരെ പോലീസും രംഗത്ത്. മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റിവിടുന്നതിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് പോലീസിന്റെ പരാതി. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പതിനെട്ടാം പടി വഴി ഭക്തരെ കയറ്റിവിടുന്നതിൽ പോലീസിന് വേഗത കുറവാണെന്ന ദേവസ്വം ബോർഡിന്റെ ആരോപണത്തിന് കനത്ത തിരിച്ചടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
കൊത്തുപണികളോടെയുള്ള കൽത്തൂണുകൾക്ക് മുകളിൽ ഫോൾഡ്ംഗ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. മഴയും കാറ്റുമുള്ള സമയത്ത് പടിപൂജ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് പതിനെട്ടാംപടിക്ക് മുകളിൽ താത്കാലിക ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്നതെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. കനത്ത മഴയുള്ളപ്പോൾ തീർത്ഥാടകർക്ക് പടി കയറാൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നൊക്കെ പറഞ്ഞാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും പണി പൂർത്തിയാക്കാതെ കിടക്കുകയാണ്. അപൂർണമായി നിൽക്കുന്ന ഈ തൂണുകൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒരു മിനിട്ടിൽ 75 പേരെയെങ്കിലും കയറ്റണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ അതിന് കഴിയില്ലെന്ന് എഡിജിപി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പോലീസിന് ബുദ്ധിമുട്ടായ കൽതൂണുകൾ മാറ്റണമെന്നാവശ്യം ഉയരുന്നത്. ഈ കൽതൂണുകൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടിയിരുന്നു. ഹൈദരാബാദ് ആസ്ഥാനയുള്ള കമ്പനി വഴിപാടായാണ് ഹൈഡ്രോളിക് മേൽക്കൂര നിർമ്മിക്കുന്നത്.















