തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടയുകയും കാർ ആക്രമിക്കുകയും ചെയ്ത കേസിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. പ്രോസിക്യൂഷൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഗവർണറെ തടഞ്ഞ കേസിൽ സുരക്ഷാ വീഴ്ച സമ്മതിക്കാതെ കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ടും കൈമാറി.
രാഷ്ട്രപതിയെയും ഗവർണറെയും ആക്രമിക്കുന്നതിനെതിരെയുള്ള ഐപിസി 124 വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയതിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ കോടതിയിൽ മലക്കം മറിഞ്ഞിരുന്നു. എസ്എഫ്ഐയുടേത് പ്രതിഷേധമാണെന്നും മറ്റ് രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നുമായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) നിലപാടെടുത്തത്. ഗവർണറുടെ കാറിനു സംഭവിച്ച നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കാശ് കെട്ടിവച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമായിരുന്ന് കോടതിയുടെ പ്രതികരണം.
ക്യാമ്പസിനുള്ളിൽ ഗവർണറെ തടയുമെന്ന് എസ്എഫ്ഐ നിലപാട് സമചിത്തതയോടെ കാണുമെന്ന് മന്ത്രിമാരായ ആർ. ബിന്ദുവും എംബി രാജേഷും വ്യക്തമാക്കി.