പത്തനംതിട്ട: ശബരിമലയിലെ ഹോട്ടലുകളിലെ വിലവിവര പട്ടിക, ശുചിത്വം എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ഇത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. എരുമേലിയിൽ ഭൂരിഭാഗം ഹോട്ടലുകളിലും വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് നോട്ടീസ് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ശബരിമലയിലെ ഹോട്ടലുകൾ അധിക ഫീസ് ഈടാക്കുന്നില്ലെന്ന് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഭക്തർക്ക് ശരിയായ സൗകര്യം ഒരുക്കിയാൽ ക്യൂ നിൽക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ക്യൂ കോംപ്ലക്സുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ 24 മണിക്കൂറും വൃത്തിയായി സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.