പത്തനംതിട്ട: സന്നിധാനത്തേക്ക് കടക്കാനുള്ള പോലീസ് പാസ് നൽകാത്തതിനെ തുടർന്ന് അയ്യപ്പ ഭക്തരുടെ പ്രതിഷേധം. വണ്ടിപ്പെരിയാർ സത്രത്തിലാണ് അയ്യപ്പ ഭക്തർ പ്രതിഷേധിച്ചത്. കാനന പാതയിലൂടെ സന്നിധാനത്തേക്ക് കടത്തി വിടാനുള്ള പോലീസ് പാസ് നൽകാത്തതിനെ തുടർന്നാണ് ഭക്തർ പ്രതിഷേധിച്ചത്.
പ്രതിഷേധം കടുത്തതോടെ പാസ് ഇല്ലാതെ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടു. അതേസമയം, ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണി മുതൽ ആറ് മണി വരെ 21,000 പേരാണ് ദർശനം നടത്തിയത്. ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി 90,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. പമ്പയിൽ തിരക്കായതോടെ പുല്ലുമേട് കാനനപാത വഴിയും നിരവധി പേർ സന്നിധാനത്തേക്ക് എത്തുന്നുണ്ട്.