താടി വടിച്ച് മീശ പിരിച്ചുള്ള ഒരു ലാലേട്ടനെ കാണാൻ മലയാള സിനിമാ പ്രേമികൾ വലിയ കാത്തിരിപ്പിലാണ്. ഇതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ചർച്ചകളും ഉയരാറുണ്ട്. എന്നാലിതാ, പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
പുതിയ ചിത്രമായ നേരിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു താടിവിശേഷത്തെക്കുറിച്ച് താരം പറഞ്ഞത്. എന്നാണ് ലാലേട്ടാ ഈ താടി എടുക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോഹൻലാൽ മറുപടി നൽകിയത്.
‘കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല…’- എന്നായിരുന്നു താരത്തിന്റെ മറുപടി.
ഈ മാസം 21-നാണ് നേര് തീയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിനൊപ്പം പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്,ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായാദേവി. എപ്പോഴും മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന മോഹൻ ലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പിറക്കുന്ന ചിത്രം സൈലന്റ് ഹിറ്റായിരിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.















