S S സലാർ തീയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വമ്പൻ പ്രമോഷനാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങൾക്ക് എസ്.എസ് രാജമൗലിയും എത്തുമെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. സംവിധായകൻ പ്രശാന്ത് നീൽ, നടന്മാരായ പ്രഭാസ്, പൃഥ്വിരാജ് എന്നിവരോടൊപ്പം രാജമൗലിയും എത്തുന്ന അഭിമുഖമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 19 നാണ് ഈ അഭിമുഖത്തിന്റെ വീഡിയോ പുറത്ത് വിടുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ പ്രമോ വീഡിയോ പുറത്ത് വന്നിരുന്നു. നാല് പേരും ഒന്നിച്ചിരിക്കുന്ന പ്രമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
കെജിഎഫും സലാറും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം എസ് എസ് രാജമൗലി പ്രമോയില്‍ ചോദിക്കുന്നത് കാണാം. ചിത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതും ഷൂട്ടിംഗ് സമയത്തെ രസകരമായ ഓർമകളും പ്രശാന്തും പ്രഭാസും പൃഥ്വിരാജും വെളിപ്പെടുത്തുന്നുണ്ടെന്ന സൂചനയും പ്രമോയിലുണ്ട്.
പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതുവരെയുള്ള സിനിമാ മേഖലയുടെ കളക്ഷൻ മാറ്റിയെഴുതുന്ന ചിത്രമാണ് സലാറെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രം രണ്ട് ഭാഗങ്ങളായാകും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ് ഫയർ ഡിസംബർ 22-ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെത്തിക്കുന്നത്.