മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികം കൊച്ചിയില്‍ സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി സിയാല്‍ കണ്വെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അസോസിയേഷന്റെ ആരംഭത്തെക്കുറിച്ചുമാണ് മോഹൻലാൽ സംസാരിച്ചത്.
തന്റെ പേരിൽ മത്സരം പാടില്ലെന്ന് പറഞ്ഞിട്ടായിരുന്നു ഫാൻസ് അസോസിയേഷൻ ആരംഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. പ്രതിസന്ധിയില്‍ എന്റെ പിള്ളേരുണ്ടെടാ എന്ന താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ആരവത്തോടെയാണ് ഏറ്റെടുത്തത്. വർഷങ്ങൾക്ക് മുമ്പ് ഈ സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി ആയിരുന്നെന്നും ആ അനുഗ്രഹം ഇന്നും ഈ സംഘടനയ്ക്ക് ഉണ്ടെന്നും മോഹൻലാൽ ചടങ്ങിൽ പറഞ്ഞു.
‘ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എന്റെ മനസ്സിൽ സിനിമയിലെ തിരക്കഥയിലെന്നതുപോലെ ഉറച്ചൊരു വാചകമുണ്ട്. ‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ…’ 1984,85 കാലഘട്ടത്തിൽ ഒരു വില്ലനായി സിനിമയിലെത്തി വെള്ളിത്തിരയിൽ കാലുറപ്പിച്ച എന്റെ കാലമാണ്. ശ്രീകൃഷ്ണ പരുന്ത്, ഒന്നു മുതൽ പൂജ്യം വരെ അങ്ങനെയുള്ള സിനിമകൾ ചെയ്ത കാലത്താണ് തിരുവനന്തപുരത്തെ രാജാജി നഗർ നിവാസിയായ വിജയൻ, സുരേന്ദ്രൻ തുടങ്ങിയവർ ചേർന്ന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത്. തുടർന്ന്, എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർ ചേർന്ന് കൂട്ടായ്മകൾ തുടങ്ങുകയായിരുന്നു.
ചുറ്റും പടരുന്ന സ്നേഹവലയമാണ് ഒരു സിനിമാ താരത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഞാൻ പിന്നീട് തിരിച്ചറിയുകയായിരുന്നു. എന്റെ പേരിൽ മത്സരങ്ങൾ പാടില്ലെന്ന് പറഞ്ഞതിന് ശേഷം 1998-ലായിരുന്നു ചാക്കയിൽ വച്ച് ആൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ ആരംഭിച്ചത്. എന്റെ ഇച്ചാക്ക ആയിരുന്നു അന്ന് ഈ സംഘടന ഉദ്ഘാടനം ചെയ്തത്.
എന്റെ സഹോദര തുല്യനായ ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണുള്ളത്. ഇച്ചാക്കയ്ക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. ഈ സംഘടന നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണ്.’- മോഹൻലാൽ പറഞ്ഞു.















